Skip navigation.

തട്ടേക്കാട് പക്ഷിസങ്കേതം (ഡോ.സാലിം അലി പക്ഷിസങ്കേതം)

Submitted by ajeeshkp on Wed, 2007-06-13 23:53.
പ്രശസ്‌ത ഇന്ത്യന്‍ പക്ഷി ശാസ്‌ത്രജ്ഞനായ ഡോ. സാലിം അലിയുടെ പേരിലുള്ള ഈ പക്ഷിസങ്കേതം 1983 ആഗസ്‌ത് മാസം 27 ന് നിലവില്‍ വന്നു.

ഇരുപത്തി അഞ്ച് ചതുരശ്രകിലോമീറ്ററിലധികം വിസ്‌തൃതിയുള്ള ഈ വനപ്രദേശം 325-ല്‍ അധികം ഇനം പക്ഷികളുടേയും അനവധി മൃഗങ്ങളുടേയും, ഉരഗങ്ങളുടേയും ആവാസകേന്ദ്രമാണ്. കൂടാതെ പലതരം ദേശാടനപ്പക്ഷികളും വര്‍ഷംതോറും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു.

ഡോ. സാലിം അലി നിരവധി തവണ ഇവിടെ പക്ഷിനിരീക്ഷണത്തിനായി എത്തിയിട്ടുണ്ട്. അദ്ദേഹമാണ് തട്ടേക്കാട് പക്ഷിസങ്കേതമാക്കണമെന്ന് ശുപാര്‍ശ ചെയ്‌തത്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ഈ പക്ഷിസങ്കേതത്തിന് അദ്ദേഹത്തിന്റെതന്നെ പേരു നല്‍കി. അത്യപൂര്‍വ്വമായ ചിലയിനം പക്ഷികളെ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. പക്ഷികളേക്കൂടാതെ ആനയും കടുവയും അടക്കം നിരവധി കാട്ടുമൃഗങ്ങളും ഇവിടെയുണ്ട്. രാജവെമ്പാലയും പെരുമ്പാമ്പുമടക്കമുള്ള ഉരഗങ്ങളും.

ഭൂതത്താങ്കെട്ട് അണക്കെട്ടിന്റെ റിസര്‍വോയറില്‍പ്പെട്ട സ്ഥലമായതിനാല്‍ പെരിയാറില്‍ മിക്കവാറും നിറയേവെള്ളമുണ്ടാകും. നീര്‍പ്പക്ഷികളെ ഇവിടം പ്രിയങ്കരമാക്കുന്നതില്‍ ഇക്കാരണവും വലിയരീതിയില്‍ സ്വാധീനിക്കുന്നു. മാത്രമല്ല ഇവിടുത്തെ ജലാശയങ്ങള്‍ മത്സ്യസമ്പത്തിന്റെ ഒരു കലവറയാണ്. വനത്തിനുള്ളിലൂടെ പുഴയുടേയും കനാലുകളുടേയും കുറുകേ നിരവധി നടപ്പാലങ്ങളും, വിശ്രമിക്കുന്നതിനായി ചെറിയ വിശ്രമസങ്കേതങ്ങളും ഇവിടെ തീര്‍ത്തിട്ടുണ്ട്.. ഈയടുത്തകാലം വരെ പുഴയിലൂടെയുള്ള ബോട്ടിങ്ങും ഉണ്ടായിരുന്നു. വിനോദയാത്രയ്‌ക്കെത്തിയ 15 കുട്ടികളടക്കം 18 പേര്‍ മരണപ്പെട്ടതിനുശേഷം അതു നിര്‍ത്തിവച്ചിരിക്കുകയാണ്.

കോതമംഗലത്തുനിന്ന് പൂയംകുട്ടി റോഡിലൂടെ പതിമൂന്ന് കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ തട്ടേക്കാടെത്താം. വളരെ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ടുള്ള ഈ യാത്രയും വിരസമാകില്ല. ഭൂതത്താങ്കെട്ട് അണക്കെട്ടും ഇവിടെ അടുത്തുതന്നെയാണ്. | 209 reads

Who's online

There are currently 0 users and 1 guest online.